മൂന്ന് പതിറ്റാണ്ടിന്റെ നിറവില്‍ പാറ്റൂര്‍ റസിഡന്റ്‌സ് അസോസിയേഷന്‍; വാര്‍ഷിക സംഗമത്തില്‍ കെ. ജയകുമാറിനെ ആദരിക്കും

NRI Desk: തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ പാറ്റൂര്‍ നിവാസികളുടെ കൂട്ടായ്മയായ പാറ്റൂര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ (PRA) സേവനവഴിയില്‍ 31-ാം വര്‍ഷത്തിലേക്ക് കടക്കുന്നു. 2025 ഏപ്രില്‍ 12 ശനിയാഴ്ച വൈകുന്നേരം 5:30-ന് വിപുലമായ കലാ-സാംസ്‌കാരിക പരിപാടികളോടെ സംഘടിപ്പിക്കുന്ന അസോസിയേഷന്റെ  വാര്‍ഷിക കുടുംബസംഗമം മുന്‍ നിയമസഭാ സ്പീക്കറും മന്ത്രിയുമായിരുന്ന എം. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മുന്‍ ചീഫ് സെക്രട്ടറിയും മലയാള സര്‍വകലാശാല മുൻ വൈസ് ചാന്‍സിലറും കവിയും കഥാകൃത്തും ഗാനരചയിതാവും കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവുമായ കെ. ജയകുമാറിനെ ചടങ്ങില്‍ ആദരിക്കും.

കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു, ബി.ജെ.പി സംസ്ഥാന വക്താവ് ജെ.ആര്‍ പത്മകുമാര്‍, തിരുവനന്തപുരം പ്രസ്‌ക്ലബ് പ്രസിഡന്റ് പി.ആര്‍ പ്രവീണ്‍, മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ താരം മാത്യു വര്‍ഗീസ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും. പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ചവര്‍ക്ക് അവാര്‍ഡുകളും സ്‌കോളര്‍ഷിപ്പുകളും വിതരണം ചെയ്യും. തുടര്‍ന്ന് ചലച്ചിത്ര പിന്നണി ഗായകരും അസോസിയേഷന്‍ അംഗങ്ങളും നയിക്കുന്ന ഗാനമേളയും മറ്റ് കലാപരിപാടികളും അരങ്ങേറും. നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങളും നല്‍കുമെന്ന് പാറ്റൂര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബാബു ജേക്കബ്, സെക്രട്ടറി എം. രാധാകൃഷ്ണന്‍, ട്രഷറര്‍ ഡോ: ടി. സുരേഷ്, വാര്‍ഷികാഘോഷ സംഘാടക സമിതി ചെയര്‍മാന്‍ വി. മാധവന്‍, ജനറല്‍ കണ്‍വീനര്‍ കെ.കെ സുധന്‍ എന്നിവര്‍ അറിയിച്ചു.
.