നൈപുണ്യ വികസന കോഴ്‌സുകള്‍; ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയും കെല്‍ട്രോണും ധാരണയായി

 

തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി കെല്‍ട്രോണുമായി സഹകരിച്ച് വിവിധ നൈപുണ്യ വികസന ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍ തുടങ്ങുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു. കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: ആര്‍. ബിന്ദു,വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്,ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ: ഡോ.ജഗതി രാജ് വി.പി എന്നിവരുടെ സാന്നിധ്യത്തില്‍ സെക്രട്ടേറിയറ്റിലെ സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കെല്‍ട്രോണ്‍ മാനേജിങ് ഡയറക്ടര്‍ റിട്ടയേര്‍ഡ് വൈസ് അഡ്മിറല്‍ ശ്രീകുമാര്‍ നായരും ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ: ഡിംപി വി. ദിവാകരനുമാണ് ധാരണാപത്രം ഒപ്പുവെച്ചത്.

വിഞ്ജാന സമൂഹമായി കേരളത്തെ മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീ നാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി മികച്ച സംഭാവനയാണ് നല്‍കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു യോഗത്തില്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കടക്കം നൈപുണ്യ വികസനം നല്‍കാന്‍ സര്‍വകലാശാലയ്ക്ക് കഴിയുന്നു. ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളടക്കം നിലവില്‍ വരുന്ന സാഹചര്യത്തില്‍ ഐ ടി മേഖലയിലെ കെല്‍ട്രോണിന്റെ മികവ് പ്രയോജനപ്പെടുത്തുന്നതിന് കഴിയേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ഉന്നത വിഭാഭ്യാസ രംഗവും വ്യവസായ മേഖലകളും തമ്മിലുള്ള ബന്ധം സുദൃഢമാക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. തൊഴില്‍ സംരഭക മേഖലകള്‍ വിപുലമാക്കിയും കാലത്തിനനുസൃതമായ സിലബസുകള്‍ രൂപീകരിച്ചുമാകണം നൈപുണ്യ കോഴ്സുകള്‍ നടത്തേണ്ടതെന്നും മന്ത്രി പറഞ്ഞു.

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ പരിധിയില്‍ വരുന്ന വിദൂര വിദ്യാഭ്യാസയുജി-പിജി പ്രോഗ്രാമുകളില്‍ പഠിക്കുന്ന പഠിതാക്കള്‍ക്ക് ആഡ് ഓണ്‍ കോഴ്സുകളായി കെല്‍ട്രോണ്‍ നടത്തുന്ന നൈപുണ്യ വികസന,തൊഴിലധിഷ്ഠിത കോഴ്സുകള്‍ പഠിക്കാന്‍ ധാരണാപത്രം പ്രകാരം അവസരം ലഭിക്കും. ഇതോടൊപ്പം ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയിലെ പഠിതാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പിനും ടെക്നിക്കല്‍ അപ്രന്റീസ്ഷിപ്പുകള്‍ക്കും കെല്‍ട്രോണില്‍ അവസരമുണ്ടാകും. ഇത്തരത്തില്‍ ആഡ് ഓണ്‍ കോഴ്സുകളും ഇന്റേണ്‍ഷിപ്പും പഠന കാലയളവില്‍ ചെയ്യുന്നത് പഠിതാക്കള്‍ക്ക് വേഗത്തില്‍ തൊഴില്‍ ലഭിക്കുന്നതിനും മുന്നോട്ടുള്ള ഉന്നത പഠനത്തിനും സ്വീകാര്യത കൂട്ടും. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി പ്രോ-വൈസ് ചാന്‍സിലര്‍ ഡോ: എസ്.വി സുധീര്‍,കെല്‍ട്രോണ്‍ ചെയര്‍മാന്‍ എന്‍.നാരായണ മൂര്‍ത്തി,സിന്‍ഡിക്കേറ്റ് അംഗങ്ങള്‍,ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.