തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് മന്ത്രി ചിഞ്ചുറാണി; ഫുട്ബാള്‍ ആവേശത്തില്‍ അനന്തപുരി; ഐ.എം വിജയന് ആദരം

തിരുവന്തപുരം: കായിക മേഖലയുടെ പരിപോഷണത്തിനായി തിരുവനന്തപുരം പ്രസ്‌ക്ലബ് നടത്തുന്ന വേറിട്ട പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ മീഡിയ ഫുട്ബാള്‍ ലീഗ് ഉദ്ഘാടനം ചെയ്യുന്ന വേളയിലായിരുന്നു തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ കായിക പ്രവര്‍ത്തനങ്ങളെ മന്ത്രി പ്രകീര്‍ത്തിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല പൊതുസമൂഹത്തിനും തിരുവനന്തപുരം പ്രസ്‌ക്ലബ് നല്‍കുന്ന കായിക സന്ദേശം പ്രശംസനീയമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കായിക ദിശാബോധമുള്ളവരാണ് നിലവില്‍ തിരുവനന്തപുരം പ്രസ്‌ക്ലബിനെ നയിക്കുന്നതെന്ന് മുതിര്‍ന്ന സി.പി.ഐ നേതാവും മുന്‍ എം.പിയുമായ പന്ന്യന്‍ രവീന്ദ്രന്‍ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് പി.ആര്‍ പ്രവീണ്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗതാഗത കമ്മിഷണര്‍ സി.എച്ച് നാഗരാജു IPS, മുന്‍ ഇന്ത്യന്‍ ഹാന്‍ഡ്ബാള്‍ താരം ആനിമാത്യൂ, കേരളത്തിന്റെ മുന്‍ ഗോള്‍ കീപ്പര്‍ മൊയ്ദീന്‍ ഹുസൈന്‍ എന്നിവര്‍ ഫുട്‌ബോള്‍ ലീഗിന് വിജയാശംസകള്‍ നേര്‍ന്നു.  പ്രസ്‌ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണന്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ട്രഷറര്‍ വി. വിനീഷ്, സ്‌പോര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ ജോയ് നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

മന്ത്രിയുടെ ഔദ്യോഗിക കിക്കോഫിന് പിന്നാലെ ഫുട്ബാള്‍ ലീഗിന്റെ ഏറ്റവും ആകര്‍ഷകമായ പ്രദര്‍ശനമത്സരം നടന്നു. കേരളത്തിലെ ഐ.പി.എസ് ഓഫീസര്‍മാരുടെ ടീമും തിരുവനന്തപുരം പ്രസ്‌ക്ലബ് ടീമും ഏറ്റുമുട്ടിയ പ്രദര്‍ശനമത്സരത്തില്‍ 2-നെതിരെ 4 ഗോളുകള്‍ക്ക് പ്രസ്‌ക്ലബ് ടീം വിജയിച്ചു. പ്രസ്‌ക്ലബ് ടീമിനായി അനീഷ് രണ്ടും അമല്‍, അനന്തു എന്നിവര്‍ ഓരോ ഗോളുകളും നേടി. ടീം ഐ.പി.എസിനായി എസ്.എ.പി കമാന്‍ഡന്റ് കെ.എസ് ഷഹന്‍ഷാ, ഗവര്‍ണറുടെ എ.ഡി.സി മോഹിത് റാവത് എന്നിവര്‍ ഓരോ തവണ ഗോള്‍വല കുലുക്കി ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു. ഐ.പി.എസ് ടീമിന് വേണ്ടി ഗതാഗത കമ്മീഷണര്‍ സി.എച്ച് നാഗരാജു, ഡി.ഐ.ജി തോംസണ്‍ ജോസ്, വിജിലന്‍സ് എസ്.പി കെ. കാര്‍ത്തിക്, കോസ്റ്റല്‍ എ.ഐ.ജി പദംസിംഗ്, തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ വിജയ് ഭരത് റെഡ്ഡി, എ.എസ്.പി-മാരായ നകുല്‍ ദേശ്മുഖ്, കാര്‍ത്തിക് എന്നിവര്‍ കളത്തിലിറങ്ങി.

തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ ആഭിമുഖ്യത്തില്‍ 2025 ഏപ്രില്‍ 3 മുതല്‍ 6 വരെയുള്ള നാല് ദിവസങ്ങളിലായി ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മീഡിയ ഫുട്ബാള്‍ ലീഗില്‍ വിവിധ മാധ്യമങ്ങളുടെ 12 ടീമുകളാണ് ഏറ്റുമുട്ടുന്നത്. വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രത്യേകം പെനാല്‍റ്റി ഷൂട്ട്ഔട്ട് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.
സമാപന ദിവസമായ ഏപ്രില്‍ 6-ന് 2 മണിക്ക് ഷൂട്ട്ഔട്ട് മത്സരം നടക്കും. ഇന്ത്യയ്ക്കായി ലോകകപ്പ് ഫുട്ബാള്‍ കളിച്ച ആദ്യ മലയാളി വനിത എസ്. ലളിത ഷൂട്ടൗട്ട് ഉദ്ഘാടനം ചെയ്യും. ഫുട്ബാള്‍ ലീഗിന്റെ ഭാഗമായി ഇന്ത്യയുടെ അഭിമാന താരം പത്മശ്രീ ഐ.എം വിജയനെ അനന്തപുരി ആദരിക്കും. സമാപന ദിവസമായ ഈ മാസം 6-ന് വൈകിട്ട് 5 മണിക്ക് ആയിരങ്ങളെ സാക്ഷി നിര്‍ത്തി ഐ.എം വിജയന്‍ തലസ്ഥാനത്തിന്റെ ആദരവ് ഏറ്റുവാങ്ങും.

തുടര്‍ന്ന് ഐ.എം വിജയന്‍ അടക്കമുള്ള കേരളത്തിന്റെ അഭിമാനങ്ങളായ ഇന്ത്യന്‍ താരങ്ങളും സന്തോഷ് ട്രോഫി താരങ്ങളും വീണ്ടും ബൂട്ടണിയും. ഐ.എം വിജയന്‍ ഇലവനും ജോപോള്‍ അഞ്ചേരി ഇലവനുമായുള്ള തീപാറും മല്‍സരത്തിന് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം വേദിയാകും. യു.ഷറഫലി, സി.വി പാപ്പച്ചന്‍, മാത്യു വര്‍ഗീസ്, കെ.ടി ചാക്കോ, ജിജു ജേക്കബ്, ആസിഫ് സഹീര്‍, ശിവകുമാര്‍, കുരികേഷ് മാത്യു, വി.പി ഷാജി, ഗണേഷ്, കണ്ണപ്പന്‍, ശ്രീഹര്‍ഷന്‍ ബി.എസ്, ഇഗ്‌നേഷ്യസ്, പി.പി തോബിയാസ്, അലക്‌സ് എബ്രഹാം, ജോബി ജോസഫ്, സുരേഷ് കുമാര്‍, എബിന്‍ റോസ്, സുരേഷ്, എസ്. സുനില്‍, നെല്‍സണ്‍, ജയകുമാര്‍ വി, ബോണി ഫേസ്, ഉസ്മാന്‍, അജയന്‍, വാള്‍ട്ടര്‍ ആന്റണി, ജയകുമാര്‍, സുരേഷ് ബാബു, മൊയ്ദീന്‍ ഹുസൈന്‍ എന്നിവര്‍ ഇരു ടീമുകളിലുമായി കളത്തിലിറങ്ങും.